തലശ്ശേരി :(www.thalasserynews.in) കായിക മേളയില്‍ നഗ്‌ന പാദരായി പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഷൂസുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ അഡ്വ എ. എന്‍. ഷംസീര്‍. ജില്ലാ കായിക മേളയുടെ ഉദ്ഘാടനം തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചിലര്‍ക്ക് ഷൂസുകള്‍ വാങ്ങിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല അത്തരം അവസരങ്ങളില്‍ പി ടി എ മുന്‍കൈ എടുത്ത് വാങ്ങി കൊടുക്കണമെന്നും അതിന് ആവശ്യമായ മാര്‍ഗ നിര്‍ദേശം ജില്ലാ വിദ്യാഭ്യാസ വകുപ്പ് നല്‍കണമെന്നും സ്പീക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ നടന്ന മട്ടന്നൂര്‍ ഉപജില്ലാ കായിക മേളയില്‍ ഷൂസ് ഉപയോഗിക്കാത്ത കുട്ടികള്‍ക്ക് പൊള്ളല്‍ ഏറ്റ സാഹചര്യത്തിലാണ് ഇത് പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. എം.ജമുന റാണി ടീച്ചര്‍ അധ്യക്ഷയായി.തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബാന ഷാനവാസ് , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ. സാഹിറ,ഹയര്‍സെക്കന്‍ഡറി ആര്‍.ഡി.ഡി എ.കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി സ്വാഗതവും
റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. റസാഖ് നന്ദിയും പറഞ്ഞു.
വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റുംനടന്നു. 18 വരെ നടക്കുന്ന കായിക മേളയില്‍ 15 സബ് ജില്ലകളില്‍ നിന്ന് ഒന്നു മുതല്‍ മൂന്നാംസ്ഥാനം വരെ ലഭിച്ചവരും തലശേരി സായി സെന്ററില്‍ നിന്ന് 15 പേരും കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍ നിന്ന് 40 മത്സരാര്‍ഥികളുമടക്കം. ഏകദേശം 2600ല്‍പരം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.
രാവിലെ 7.30ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി.ഷൈനി പതാക ഉയര്‍ത്തുന്നതോടെ സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് സബ് ജുനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ട് എന്നീ മത്സങ്ങള്‍ നടന്നു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 98 മത്സര ഇനങ്ങളാണ് മൂന്നു ദിവസങ്ങളിലായി നടക്കുക.
District Sports Festival begins with a bang in Thalassery; Speaker Adv. A.N. Shamseer wants PTA to buy shoes for children who cannot afford them